പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായി മറുപടി നല്‍കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്ക്, കുനാർ പ്രവിശ്യകളില്‍ പാകിസ്ഥാൻ സേന നടത്തിയ വ്യോമാക്രമണങ്ങള്‍ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുലർച്ചെ മൂന്നaടെ പാക്കിസ്ഥാൻ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒൻപത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേർ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി), ഹാഫിസ് ഗുല്‍ ബഹാദൂർ ഭീകരസംഘടനകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.













