പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി


ഇസ്ലാമാബാദ് ജയിലില്‍ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചെന്ന് സഹോദരി.ഇമ്രാൻ ഖാൻ ജയിലില്‍ മരിച്ചെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പാർപ്പിച്ച അദിയാല ജയിലിന് മുന്നില്‍ സഹോദരി അലീമ ഖാൻ സമരം ആരംഭിച്ചിരുന്നു.


സഹോദരനെ കാണാൻ അനുമതി ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് സഹോദരി പറഞ്ഞു. ഇമ്രാൻ ജയിലില്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ വലിയ അഭ്യൂഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് ഇമ്രാൻ അനുയായികള്‍ അഡിയാല ജയിലിനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.


കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ ‘ഇമ്രാൻ ഖാൻ’ എവിടെയെന്ന ചോദ്യവുമായി രംഗത്തത്തെത്തിയതിന് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. ‘ജയിലിനുള്ളില്‍ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല’ എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കി.

ഇതിന് പിന്നാലെയാണ് ‘ഇമ്രാൻ ഖാൻ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടെന്ന’ അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശക്തമായത്. അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ വിവിധ നഗരങ്ങളില്‍ വലിയ പ്രതിഷേധം ഉയർന്നു.



Sharing is Caring