പാകിസ്താനെ 72 റണ്‍സിന് എറിഞ്ഞിട്ടു; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍


ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം കണ്ടു.


ആദ്യ ഓവറില്‍ മിതാലി രാജിനേയും മൂന്നാം ഓവറില്‍ ദീപ്തി ശര്‍മ്മയേയും നഷ്ടപ്പെട്ടെങ്കിലും സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.


ഹര്‍മന്‍പ്രീത് 49 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്തപ്പോള്‍ 40 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു സ്മൃതിയുടെ സംഭാവന. നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സിലൊതുങ്ങി. 20 റണ്‍സെടുത്ത സന മിറും 18 റണ്‍സെടുത്ത നഹീദാ ഖാനും മാത്രമാണ് രണ്ടക്കം കടന്നത്.

ഇന്ത്യക്കായി എക്ത ബിഷ്റ്റ് നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പാകിസ്താനേയും ഇന്ത്യയേയും കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്റ്, ആതിഥേയരായ മലേഷ്യ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.



Sharing is Caring