പശ്ചിമേഷ്യയില്‍ യുദ്ധഭീതിയുയർത്തി ട്രംപിന്റെ ഭീഷണി. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കില്‍ ആക്രമണം ആസന്നമാണെന്ന് ട്രംപ് ഭീഷണി മുഴക്കി.കരാറിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പല്‍ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു.
സംഭാഷണത്തിനു തയാറാണെന്നും എന്നാല്‍, ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുമെന്നും മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രതികരിക്കുമെന്നും ഇറാനും നിലപാടെടുത്തു.ഇതോടെ ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി ഉരുണ്ടുകൂടിയിരിക്കുകയാണ്. പരസ്പര ബഹുമാനത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചർച്ചകയ്ക്ക് ഒരുക്കമാണ്. എന്നാല്‍, യുദ്ധത്തിലേക്കു തള്ളിവിട്ടാല്‍ സ്വയം പ്രതിരോധിക്കുകയും ‘മുമ്പൊരിക്കലും ഇല്ലാത്ത വിധം’ പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ വേഗം ചർച്ചയ്ക്കു തയാറാവണം. ന്യായവും നീതിയുക്തവുമായ ഒരു കരാറിലെത്തിച്ചേരുകയും വേണം. ആണവായുധങ്ങള്‍ വേണ്ട”- ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ നാവിക സേനയാണ് ഗള്‍ഫ് മേഖലയിലേക്ക് അയച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതിവേഗം ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള സേനയാണിത്. ഇനിയുള്ള ആക്രമണം വളരെ മോശമായിരിക്കും. അത് വീണ്ടും സംഭവിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. സൈനിക ഭീഷണിയിലൂടെയുള്ള നയതന്ത്രം ഫലപ്രദമോ ഗുണപ്രദമോ അല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചർച്ചകള്‍ പുരോഗമിക്കണമെങ്കില്‍, ഭീഷണികളും യുക്തിരഹിതമായ വിഷയങ്ങളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാക്ക് രാഷ്ട്രീയത്തിലും ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് തയാറെടുക്കുന്നതായാണു സൂചന. മുൻ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താല്‍ ഇറാക്കിനെ ഇനി യുഎസ് സഹായിക്കില്ലെന്നു ട്രംപ് പറഞ്ഞു. മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നത് ഇറാക്കിന്റെ വളരെ മോശമായ തെരഞ്ഞെടുപ്പായേക്കാം. കഴിഞ്ഞ തവണ മാലിക്കി അധികാരത്തിലിരുന്നപ്പോള്‍ രാജ്യം ദാരിദ്ര്യത്തിലേക്കും സമ്പൂർണ അരാജകത്വത്തിലേക്കും കൂപ്പുകുത്തി.













