പശ്ചിമബംഗാളില്‍ കനത്ത മഴ;റോഡിനടിയിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അഞ്ചുമരണം


ജനജീവിതം ദുസ്സഹമാക്കി പശ്ചിമബംഗാളില്‍ ശക്തമായ മഴ തുടരുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു.മഴയത്ത് വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍നിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.കനത്ത മഴയില്‍ കൊല്‍ക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.


നിരവധി കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മഴ റോഡ്, വ്യോമ, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. മഴയെ തുടർന്ന് മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനാല്‍ മെട്രോ സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു.


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് കൊല്‍ക്കത്തയില്‍ ശക്തമായ മഴ ലഭിച്ചത്. അടുത്ത രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.



Sharing is Caring