ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ആഞ്ഞടിച്ച്‌ തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്‍


ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ ആഞ്ഞടിച്ച്‌ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദൊഗാന്‍.പലസ്തീന്‍ അധികൃതര്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക വിസ നിഷേധിച്ച നടപടിയെ ശക്തമായി എര്‍ദൊഗാന്‍ വിമര്‍ശിച്ചു.


പലസ്തീനെ നിരവധി രാജ്യങ്ങള്‍ അംഗീകരിക്കുന്ന സമയത്ത് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും അധികൃതര്‍ക്കും വിസ നിഷേധിച്ചതിനെ കുറിച്ച്‌ പറഞ്ഞാണ് എര്‍ദൊഗാന്‍ ഐക്യരാഷ്ട്ര സഭജനറല്‍ അസംബ്ലിയിലെ തന്റെ പ്രസംഗം ആരംഭിച്ചത്.


പലസ്തീന്‍ പ്രതിനിധികളുടെ അസാന്നിധ്യത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും ദുരിതം പേറുന്ന പലസ്തീന്‍ ജനതക്ക് വേണ്ടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും എര്‍ദൊഗാന്‍ പറഞ്ഞു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച എല്ലാ രാജ്യങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായും പലസ്തീനെ രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം നടത്താത്ത രാജ്യങ്ങള്‍ അത് ചെയ്യണമെന്നും എര്‍ദൊഗാന്‍ ആവശ്യപ്പെട്ടു.

ഗാസയെ പൂര്‍ണമായും ഉപരോധിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇതിനോടകം 250 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എന്നാല്‍ വംശഹത്യ പുറം ലോകം അറിയിക്കാതിരിക്കാനുള്ള ഇസ്രയേല്‍ ശ്രമം നടന്നില്ലെന്നും എര്‍ദൊഗാന്‍ പറഞ്ഞു. ഭക്ഷണത്തിന് വേണ്ടി കരയുന്ന പിഞ്ചുകുട്ടികളുടെ ചിത്രങ്ങളും പോഷകാഹാരക്കുറവ് നേരിടുന്ന കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ ഉയര്‍ത്തി കാട്ടി 2023മുതല്‍ ഗാസയില്‍ നടക്കുന്ന ക്രൂരതക്ക് ന്യായമായ കാരണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കുട്ടികള്‍ പട്ടിണി മൂലവും മരുന്നുകളുടെ അഭാവത്തിലും മരിച്ചു വീഴുന്ന ഈ ലോകത്ത് സമാധാനവും ശാന്തിയും എങ്ങനെയുണ്ടാവും നിങ്ങളുടെ മനസാക്ഷിയെ മുന്‍നിര്‍ത്തി പറയൂ എന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring