പഴയ നോട്ടുകള്‍ മാറ്റാനാവില്ലെന്നു തെറ്റിദ്ധരിച്ച്‌ വീട്ടമ്മ ആത്മഹത്യ ചെയ്തു


മഹ്ബൂബാബാദ് • അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാനാവില്ലെന്ന തെറ്റിദ്ധാരണയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹ്ബൂബാബാദ് സ്വദേശിയായ കാന്‍ഡുകുറി വിനോദ (55) യാണ് ആത്മഹത്യ ചെയ്തത്.
വസ്തുക്കള്‍ വിറ്റ വകയില്‍ കാന്‍ഡുകുറിയുടെ കയ്യില്‍ 25 ലക്ഷം രൂപ ഉണ്ടായിരുന്നു. ബാങ്കില്‍ നിക്ഷേപിക്കാതെ ഇത് കയ്യില്‍ സൂക്ഷിക്കുകയായിരുന്നു. പഴയ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടി കാന്‍ഡുകുറിയെ ഞെട്ടിച്ചു. തന്റെ കയ്യിലുള്ള പണത്തിന് മൂല്യമില്ലെന്നു തെറ്റിദ്ധരിച്ച ഇവര്‍ ഇതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളെക്കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.


പല തെറ്റായ വിവരങ്ങളും ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ആരെങ്കിലും കാന്‍ഡുകുറിക്ക് തെറ്റായ വിവരം നല്‍കിയിട്ടുണ്ടാമെന്നു സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.




Sharing is Caring