വോട്ടിന് കോഴവാങ്ങിയെന്ന ആരോപണത്തിൽ ഉഴലുന്ന പളനിസാമി സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ ഗവർണറെ കണ്ടു. അധികാരത്തിലേറിയതു മുതൽ പലവിധ ആരോപണങ്ങളാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരിടുന്നതെന്നും അതിലൊടുവിലത്തേതാണ് വോട്ടിന് കോഴ എന്ന് സ്റ്റാലിൻ ഗവർണർ സി.വിദ്യാസാഗർ റാവുവിനെ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പിൽ പിന്തുണ ഉറപ്പിക്കാനായി എ.ഐ.ഡി.എം.കെ എം.എൽ.എമാർ ശശികലയിൽ നിന്നും പണം കൈപ്പപറ്റിയെന്ന ആരോപണത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അടുത്തിടെ വൻ പ്രതിഷേധം നടന്നിരുന്നു . അഴിമതി ആരോപണത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് സഭയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നിയമസഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് സമരം നടത്തിയതോടെ സ്റ്റാലിനേയും കൂട്ടരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിനെ തുടർന്നാണ് സ്റ്റാലിൻ ഗവർണറെ കണ്ട് ആവശ്യം ഉന്നയിച്ചത്.

ഫെബ്രുവരിയിൽ നടന്ന വോട്ടെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി അണ്ണാ ഡി.എം.കെ എം.എൽ.എമാർക്ക് ശശികല കൈകൂലി കൊടുക്കുന്ന ദൃശ്യങ്ങൾ ഒരു പ്രദേശിക ചാനൽ പുറത്തുവിട്ടിരുന്നു.













