പതിനാലുവയസുകാരന് ഗര്‍ഭിണിയാക്കിയെന്ന പതിനേഴുകാരിയുടെ പരാതിയെക്കുറിച്ചു മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനു വേണ്ടിയാണോ പെണ്‍കുട്ടി പതിനാലുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നു സംശയിക്കാവുന്നതാണെന്നും കമ്മിഷന് ആക്റ്റിംഗ് ചെയര്‍പഴ്സന്‍ പി. മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു.
ആരുടെയെങ്കിലും സമ്മര്‍ദ്ദ ഫലമായാണോ പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കമ്മിഷന് സംശയിക്കുന്നു. തെറ്റായ തെളിവുകള്‍ നല്കാന് ചിലപ്പോള്‍ പതിനേഴുകാരിക്കു കഴിയുമെന്നും കമ്മിഷന്റെ നിരീക്ഷിക്കുന്നു.
ആരോപണവിധേയനായ പതിനാലു വയസുകാരന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ചു മെഡിക്കല്‍ പരിശോധനയ്ക്കും കമ്മീഷന് ഉത്തരവിട്ടു. പരിചയസമ്ബന്നനായ ഡോക്ടറുടെ നേതൃത്വത്തിലാകണം മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും കമ്മിഷന് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്കി.
വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായം അന്വേഷണഘട്ടത്തില്‍ ഉപയോഗിക്കണമെന്നും പി. മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു. വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.














