പട്ടിക്കൂട്ടം വൃദ്ധയെ കൊന്നു.ശിലുവമ്മയുടെ നിലവിളി കേട്ടെത്തിയ മകന് സെല്‍വരാജിനെയും അവ ആക്രമിച്ചു, കടലില്ചാടിയാണ് രക്ഷപ്പെട്ടത്. നാട്ടുകാര്‍ കൂട്ടമായി വന്നപ്പോള്‍ കടിയേറ്റ് ചോര വാര്‍ന്നൊഴുകി ബോധരഹിതയായ ശിലുവമ്മയുടെ ശരീരഭാഗങ്ങള്‍ അവ തിന്നുന്ന ഭയാനകമായ കാഴ്ചയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കടിയേറ്റ് പിന്നില്‍ തലച്ചോര്‍ പുറത്ത്വന്നിരുന്നു. കൈകാലുകളിലെ മാംസവും അവ തിന്നിരുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പുല്ലുവിള സ്വദേശിനി ഡെയ്സി (52) യ്ക്കും കടിയേറ്റു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഡെയ്സിയെ പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.മന്ത്രിമാരോ റവന്യൂ അധികൃതരോ എത്തിയില്ലെന്നാരോപിച്ച് മൃതദേഹവുമായി നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട് പോലീസ് നിര്‍ദ്ദേശാനുസരണം വീട്ടിലേക്ക് കൊണ്ടുപോയി. പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും ആരും എത്താത്തതിനെതുടര്‍ന്ന് മൃതദേഹം സംസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു, വിഴിഞ്ഞം പൂവ്വാര്‍ റോഡ് ഉപരോധിച്ചു.

അടിയന്തര നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല് പ്രതിഷേധം പിന്‍വലിച്ചു. പ്രാര്‍ത്ഥനയ്ക്കു ശേഷം കരിങ്കുളം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചു. മുമ്പ് രണ്ടു തവണ ശിലുവമ്മയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സര്‍ക്കാരിനും മൃഗസംരക്ഷണവകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചു.













