കോട്ടയം: പ്രളയത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ കല്ലറയ്ക്ക് കൈത്താങ്ങുമായി പൂഞ്ഞാര്‍,കോരുത്തോട് ഗ്രാമപഞ്ചായത്തുകള്‍. എല്ലാവരും ഒരുമിച്ച്
കൈകോര്‍ത്തപ്പോള്‍ ഒരു ദിവസം കൊണ്ട് വാസയോഗ്യമാക്കിയത് 55 വീടുകളാണ്. കല്ലറ രണ്ടാം വാര്‍ഡ് 110 കോളനി ഭാഗം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റത്തിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ശുചീകരണം നടത്തിയത്.പഞ്ചായത്ത് ജീവനക്കാരും, കനിവ് പുരുഷ സ്വാശ്രയ സംഘാംഗങ്ങളും പങ്കു ചേര്‍ന്നു. കോരുത്തോട് ഗ്രാമപഞ്ചായത്തും ഗ്രാമദീപ്തി സ്വയം സഹായ സംഘവുമായി ചേര്‍ന്നാണ് അകത്താന്തറ കോളനി പ്രദേശം വൃത്തിയാക്കിയത്.
വീടുകളിലെ ചെളി നീക്കം ചെയ്ത് ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തു. പ്രളയ ദുരിതത്തിന്റെ ബാക്കി പത്രമായി വീടുകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും സംഘം നീക്കം ചെയ്തു.













