ന്യൂഡല്‍ഹി: പാകിസ്താന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന് അതിര്‍ത്തിയില്‍ പാകിസ്താന് അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നീക്കത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാജസ്ഥാന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ പാകിസ്താന് എത്തിച്ചിരിക്കുന്നത്. പാകിസ്താന് നീക്കങ്ങളെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും മറ്റും കനത്ത ജാഗ്രത നിര്‍ദേശം നല്കി.

ഇതിനിടെ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താന് രഹസ്യമായി വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനകളുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് ഐബി നല്കുന്ന വിവരം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.













