500,1000 കറൻസി നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ നഷ്ടമായത് ഇരുപത്തഞ്ച് ജീവനുകൾ.ഇതിൽ കൊലപാതകം മുതൽ ആത്മഹത്യ വരെയുണ്ട്.
ചികിത്സയും മരുന്നും കിട്ടാതെ മരിച്ചത് അഞ്ച് പിഞ്ചു കുഞ്ഞുങ്ങളാണ്.മുംബൈ ഗോവന്തിയിലും വിശാഖ പട്ടണത്തിലെ ഗജുവാകയിലും ഉത്തർപ്രദേശിലെ പദംപൂർ വില്ലേജിലും രാജസ്ഥാനിലെ പാലി ജില്ലയിലും കുരുന്നുകൾ ചികിത്സ കിട്ടാതെ മരിച്ചു.പശ്ചിമ ബംഗാളിൽ ക്യൂവിൽ നിന്ന് വെറുംകൈയ്യോടെ വന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.

അസാധുവാക്കൽ വാർത്തയറിഞ്ഞ് മകളുടെ കല്ല്യാണം മുടങ്ങുമെന്ന ഭീതിയിൽ പക്ഷാഘാതം വന്ന ബിഹാർ കൈമൂർ ജില്ലയിലെ റാം മാധവ് മരണമടഞ്ഞത് അസാധുവാക്കപ്പെട്ട നോട്ടെടുക്കില്ലെന്ന് ആശുപത്രി അധികൃതരുടെ പിടി വാശി മൂലമാണ്.
ദില്ലിയിലും സൂറത്തിലും കർണാടകയിലും തെലങ്കാനയിലും ആത്മഹത്യകളാണുണ്ടായത്.ക്യൂവിൽ നിൽക്കുമ്പോൾ കുഴഞ്ഞു വീണു മരിച്ചവരും നിരവധി.ആലപ്പുഴയിൽ ഹരിപ്പാട് സ്വദേശിയായ കാർത്തികേയൻ ഡാണാപ്പടി എസ്ബിടി ശാഖയ്ക്കുള്ളിൽ കുഴഞ്ഞു വീണു മരിച്ചത് ഒരു ഉദാഹരണം മാത്രം.
ബാങ്കിൽ നിന്നും രക്തസാക്ഷിയുണ്ട്.ഭോപ്പാലിലെ നീൽബാദ് എസ്ബിടി ബ്രാഞ്ചിലെ കാഷ്യർ തിരക്കിനിടയിൽ സമ്മർദ്ദം താങ്ങാനാവാതെ കുഴഞ്ഞു വീണാണ് മരിച്ചത്.













