നോട്ടിനു വേണ്ടിയുള്ള സാധാരണക്കാരുടെ നെട്ടോട്ടത്തിന് ഒരാഴ്ച പിന്നിട്ടിട്ടും അറുതിയായില്ല


കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ഞെട്ടിച്ചത്. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാത്തത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ജനങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച ബാങ്കുകള്‍ക്ക് മുന്‍പില്‍ നില്‍ക്കാന്‍ തുടങ്ങിയ ക്യൂ ഇപ്പോഴും തുടരുകയാണ്. പ്രതിസന്ധി നേരിടാന്‍ പുതിയ 500 രൂപ നോട്ടുകള്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്താത്തതാണ് പ്രധാന പ്രശ്‌നം.
നോട്ടുകള്‍ മാറ്റാന്‍ ഒരാള്‍ ഒന്നില്‍ കൂടുതല്‍ തവണ വിവിധ ബാങ്കുകളില്‍ എത്തുന്നത് തടയാനായി ഇന്നു മുതല്‍ നോട്ട് മാറ്റാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും. ഒരാള്‍ക്ക് 4500 രൂപയാണ് ബാങ്കില്‍ നിന്ന് ആകെ മാറ്റി വാങ്ങാന്‍ കഴിയുന്ന തുക. എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം 2500 രൂപയുമാണ് പിന്‍വലിക്കാന്‍ കഴിയുക.


100 രൂപ മാത്രമാണ് ഇതുവരെയായി എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭഗങ്ങളില്‍ 500 രൂപ നോട്ടുകള്‍ ഇന്നലെ എത്തിത്തുടങ്ങിയെങ്കിലും കേരളത്തില്‍ ഇതുവരെയെത്തിയില്ല. നോട്ടുകള്‍ എന്ന് എത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 2000 രൂപ നോട്ടുകള്‍ ഇന്നലെ മുതല്‍ എ.ടി.എമ്മുകളില്‍ ലഭിച്ചു തുടങ്ങി. 500 രൂപ നോട്ടുകള്‍ കൂടി എത്തിയാല്‍ മാത്രമേ എ.ടി.എമ്മുകള്‍ പൂര്‍വസ്ഥിതിയിലാകൂ. അതേ സമയം സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കാത്തതിലും സഹകരണ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് സഹകരണ മേഖലകള്‍ ഇന്ന് പണിമുടക്കും.




Sharing is Caring