സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന സുരക്ഷാജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്‌നാട് ചെങ്കോട്ട പാമ്പോളി സ്വദേശി സാമുവലിനെയാണ് (സാമി52) കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി പോലീസ് ചെങ്കോട്ടയില്‍നിന്നു പിടികൂടിയത്. നാലുമാസമായി ഇയാള്‍ ഒളിവിലായിരുന്നു.
ഇയാള്‍ ജോലിചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ 23 വയസ്സുകാരിയായ നേഴ്‌സിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണു കേസ്. 2016 സെപ്റ്റംബറിലാണ് പീഡനം നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പീഡനം നടന്ന ദിവസം രാത്രി ഡ്യൂട്ടിക്ക് രണ്ടു നേഴ്‌സുമാരും സാമുവലും മാത്രമാണുണ്ടായിരുന്നത്. രാത്രി ചികിത്സ തേടിയെത്തിയ രോഗിയെ കിടത്താന്‍ മുറി തയ്യാറാക്കുന്നതിനിടെ ബള്‍ബ് കത്താത്തതിനാല്‍ സാമുവലിനെ വിളിക്കുകയായിരുന്നു. മുറിയിലെത്തിയ ഇയാള്‍ വാതില്‍ അടച്ച ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. നാണക്കേട് ഭയന്ന് യുവതി ആരോടും സംഭവം പറഞ്ഞില്ല.

പിന്നീട് വിവാഹിതയായ യുവതി നാലുമാസത്തിനുശേഷം ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ സാമുവല്‍ ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.













