നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല അന്തരിച്ചു


ജോഹന്നാസ്ബര്‍ഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ മുന്‍ഭാര്യ വിന്നി മഡിക്കസേല മണ്ടേല (81) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതയായിരുന്നു.ജോഹന്നാസ്ബര്‍ഗിലെ നെറ്റ് കെയര്‍ മില്‍പാര്‍ക്ക് ഹോസ്പിറ്റലില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു അന്ത്യമെന്ന് അവരുടെ വക്താവ് വിക്ടര്‍ ഡലാമിനി അറിയിച്ചു.


വര്‍ണവിവേചനവിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചെങ്കിലും അക്രമത്തിനു കൂട്ടുനില്‍ക്കുകയും അഴിമതി നടത്തുകയും ചെയ്‌തെന്ന ആരോപണത്തില്‍ കുടുങ്ങി പൊതുജീവിതത്തില്‍നിന്ന് അപമാനിതയായി പുറത്തുപോകേണ്ടിവന്ന വിവാദ നായികയാണ് വിന്നി.ഭര്‍ത്താവ് ജയിലിലായിരുന്ന അവസരത്തില്‍ പുറത്തുനിന്ന് സമരം ചെയ്ത വിന്നിയെ രാഷ്ട്രമാതാവ് എന്നാണ് അനുയായികള്‍ വിളിച്ചത്. എന്നാല്‍ അഴിമതിയും ധൂര്‍ത്തും അവരുടെ പ്രശസ്തിക്കു മങ്ങലേല്പിച്ചു.


നെല്‍സണ്‍ മേേണ്ടല-വിന്നി ദാമ്പത്യം 38 വര്‍ഷം ദീര്‍ഘിച്ചു. ഇതില്‍ 27വര്‍ഷത്തോളം നെല്‍സണ്‍ ജയിലിലായിരുന്നു.1990ല്‍ ജയില്‍ മോചിതനായ നെല്‍സണ്‍ മണ്ഡേല വിന്നിയുടെ കൈപിടിച്ച്‌ പുറത്തുവരുന്ന ദൃശ്യം ലോകം ആവേശത്തോടെയാണ് വീക്ഷിച്ചത്.എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. 1996ല്‍ വിവാഹ മോചിതരായി. 1998ല്‍ 80-ാം വയസില്‍ നെല്‍സണ്‍ മണ്ടേല മുന്‍ മൊസാംബിക് പ്രസിഡന്റ് സമോറ മാച്ചെലിന്റെ വിധവ ഗ്രേക്കായെ വിവാഹം ചെയ്തു. 2013 ഡിസംബറില്‍ 95-ാംവയസില്‍ അന്തരിച്ച നെല്‍സണ്‍ മണ്ടേല തന്റെ വില്‍പ്പത്രത്തില്‍ വിന്നിയുടെ പേരു പോലും പരാമര്‍ശിച്ചില്ല.

വര്‍ണവിവേചന സമരകാലത്തു പ്രസ്ഥാനത്തില്‍ നിന്നു കൂറുമാറുന്നവരെ നിഷ്ഠുരമായി ശിക്ഷിക്കാന്‍ വിന്നി മുന്‍കൈയെടുത്തു. വിന്നിയുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന മണ്ഡേല യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് പലരെയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതായി ആരോപണം ഉയര്‍ന്നു.

നെല്‍സണ്‍ മണ്ടേല പ്രസിഡന്റായശേഷം അല്പകാലം വിന്നി കാബിനറ്റില്‍ ഡെപ്യൂട്ടിമന്ത്രി പദവി വഹിച്ചെങ്കിലും വൈകാതെ അച്ചടക്കനടപടി എടുത്ത് അവരെ പുറത്താക്കി. മോഷണം, വഞ്ചന, അഴിമതിക്കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനെത്തുടര്‍ന്ന് 2003ല്‍ അവര്‍ എംപിസ്ഥാനം രാജിവച്ചു.



Sharing is Caring