നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കും


കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കും.സാന്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ബജറ്റ് അവതരണത്തോടെ, മുൻ പ്രധാന മന്ത്രി മോറാർജി ദേശായി വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകള്‍ എന്ന റിക്കാർഡുകള്‍ക്കൊപ്പം നിർമല സീതാരാമൻ എത്തും.


മൊറാർജി ദേശായി തന്റെ ഔദ്യോഗിക ധനമന്ത്രിയായിരുന്ന 1959-1964 കാലഘട്ടത്തില്‍ ആറു ബജറ്റുകളും 1967- 1969 നാലു ബജറ്റുകളും അവതരിപ്പിച്ചിരുന്നു.വിവിധ പ്രധാനമന്ത്രിമാരുടെ ഭരണകാലയളവില്‍ മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒൻപത് തവണയും പ്രണബ് മുഖർജി എട്ട് തവണയും ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവില്‍ തുടർച്ചയായി ഒന്പതു തവണ ബജറ്റുകള്‍ അവതരിപ്പിച്ച്‌, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റിക്കാർഡും നിർമല സീതാരാമനു സ്വന്തമാണ്.2019 ല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലെറിയപ്പോഴാണ് ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ വനിതാ ധനമന്ത്രിയായി അവർ നിയമിതയായത്.2024-ല്‍ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തില്‍ വന്നപ്പോള്‍, നിർമല സീതാരാമൻ തന്നെ ധനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു.


2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെ, ഇതുവരെ തുടർച്ചയായി എട്ട് ബജറ്റുകളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. അങ്ങനെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിർമല സീതാരാമൻ സ്വന്തമാക്കി. അന്ന് പ്രസംഗം പൂർത്തിയാക്കാൻ രണ്ട് പേജുകള്‍ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും അവ വായിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.1977-ല്‍ ഹിരുഭായ് മുള്‍ജിഭായ് പട്ടേല്‍ നടത്തിയ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതില്‍ വെച്ച്‌ ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം. വെറും 800 വാക്കുകള്‍ മാത്രമായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്.



Sharing is Caring