നിപ്പാ വൈറസില്‍ നിന്നും കേരളം മുക്തം; മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേയ്ക്ക് വന്നവരെ വീട്ടിലേയ്ക്ക് അയച്ചേയ്ക്കും


കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പാ വൈറസില്‍ നിന്നും കേരളം മുക്തമായതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ കുറച്ച്‌ നാളുകളായി ജനത്തെ ഒരുപോലെ പേടിപ്പെടുത്തിയതും ആശങ്ക ഉണര്‍ത്തിയതുമായ നിപ്പാ വൈറസ് എടുത്തത് നിരവധി ജീവനുകളാണ്. ജീവനെടുക്കുന്ന പനിയെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനങ്ങളുടെയും ഇടപെടല്‍ കേരളം നിപ്പാ വൈറസില്‍ നിന്നും മുക്തമാകാന്‍ ഇടയാക്കി.


മരണത്തെ മുഖാമുഖം കണ്ട് അവസാന നിമിഷത്തില്‍ ജീവിതത്തിലേയ്ക്ക് തിരികെ വന്നവരെ ഇന്ന് വീടുകളിലേയ്ത്ത് അയച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറത്തും കോഴിക്കോടും ഉള്ള രണ്ട് പേരെയാണ് വീട്ടിലേയ്ക്ക് അയക്കുന്നത്. ഇക്കാര്യം വിദഗ്ധ സമിതിയുടെ അഭിപ്രായം പരിഗണിച്ച്‌ തീരുമാനിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.


അതേസമയം ഇന്നലെ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച ഒന്‍പത് പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു ഇപ്പോള്‍ ഒന്‍പത് പേരാണ് നിപ്പ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 2503 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ നിപ്പ വൈറസ് ബാധയില്ലെങ്കിലും 21 ദിവസം കൂടി നിരീക്ഷണം ആവശ്യമുണ്ട്.

ഈ സാഹചര്യത്തില്‍ വിദ്ഗധ സമിതിയുടെ അഭിപ്രായം തേടിയാകും രോഗികളുടെ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. നിപ്പ വൈറസ് ബാധമൂലം മരിച്ചവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായി നേരിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയ വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 പേര്‍ ഇതുവരെ അറസ്റ്റിലായി.



Sharing is Caring