നാഗാ ഭീകരരെ വധിച്ചു


മ്യാന്മര്‍ അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്ക് നേരേ സൈനിക നടപടി. ഇന്നലെ പുലര്‍ച്ചെ നടന്ന ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി കരസേനയുടെ കിഴക്കന്‍ കമാണ്ട് അറിയിച്ചു. നാഗാ ഭീകരസംഘടനയായ എന്‍എസ്‌സിഎന്‍ (കെ)യിലെ ഭീകരരാണ് കൊല്ലപ്പെട്ടത്.


പട്രോളിങ് യൂണിറ്റിന് നേര്‍ക്ക് നാഗാ ഭീകരരുടെ ഭാഗത്തുനിന്ന് വെടിവെപ്പ് ഉണ്ടായതോടെയാണ് സൈനിക നടപടി ആരംഭിച്ചത്. അതിര്‍ത്തി കടക്കാതെയാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 2015 ജൂണില്‍ മ്യാന്മര്‍ അതിര്‍ത്തി മറികടന്ന് സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു.


സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ ഭീകരര്‍ പ്രദേശം ഉപേക്ഷിച്ചു പോയെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും കിഴക്കന്‍ കമാണ്ട് അറിയിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് വലിയ തോതില്‍ ആള്‍നാശം ഉണ്ടായിട്ടുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ച വിവരം. സൈനികരിലാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കിഴക്കന്‍ കമാണ്ട് അറിയിച്ചു.

അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിയില്‍ ഈ മാസം ആദ്യം എന്‍സ്‌സിഎന്‍ (കെ) ഭീകരരില്‍ നിന്ന് എകെ 47 തോക്കുകളടക്കം പിടിച്ചെടുത്തിരുന്നു. വെടിക്കോപ്പുകളും റേഡിയോ സെറ്റുകളും ഭീകരത്താവളത്തില്‍ നിന്ന് ലഭിച്ചു. ആഗസ്റ്റ് അവസാനവും സപ്തംബര്‍ ആദ്യവും നാഗാ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. കുന്നു ഗ്രാമത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് മ്യാന്മര്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. 1,640 കിലോമീറ്ററാണ് ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തി. അരുണാചല്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഭീകര സാന്നിധ്യമേറിയ മേഖലകളാണ് അതിര്‍ത്തി പ്രദേശങ്ങള്‍.



Sharing is Caring