നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് സേവാ തീര്‍ത്ഥിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസായ സേവാ തീര്‍ത്ഥിന്റെ പ്രവര്‍ത്തനം മകര സംക്രാന്തി ദിനമായ ഇന്ന് ആരംഭിക്കും.സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചത്. ഈ സമുച്ചയവും കാമ്പസുമാണ് സേവാ തീര്‍ത്ഥ് എന്ന് അറിയപ്പെടുന്നത്. എക്സിക്യൂട്ടീവ് എന്‍ക്ലേവ് എന്ന പേരാണ് നേരത്തേ ഈ ഓഫീസ് കെട്ടിടത്തിന് നല്കിയിരുന്നത്.


അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് കെട്ടിടങ്ങളില്‍ ഒന്നായ സേവാ തീര്‍ത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. സമീപമുള്ള സേവാ തീര്‍ത്ഥ് രണ്ട്, സേവാ തീര്‍ത്ഥ് മൂന്ന് എന്നീ കെട്ടിടങ്ങള്‍ കാബിനറ്റ് സെക്രട്ടേറിയറ്റിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിന്റെയും പുതിയ ആസ്ഥാനങ്ങളായി പ്രവര്‍ത്തിക്കും. ആധുനിക സാങ്കേതികവിദ്യക്കൊപ്പം ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന രീതിയിലാണ് വിദേശ പ്രതിനിധികളെ സ്വീകരിക്കുന്ന മുറികള്‍ ഒരുക്കിയിരിക്കുന്നത്.


കേന്ദ്ര മന്ത്രിസഭാ യോഗങ്ങള്‍ ചേരുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പ്രത്യേക ഹാളും സജ്ജമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) 78 വര്‍ഷം പഴക്കമുള്ള സൗത്ത് ബ്ലോക്കില്‍ നിന്നാണ് പുതിയ കാമ്പസിലേക്ക് മാറുന്നത്. സൗത്ത് ബ്ലോക്ക്, നോര്‍ത്ത് ബ്ലോക്ക് എന്നീ കെട്ടിടങ്ങള്‍ ചരിത്ര സ്മാരകങ്ങളാക്കി സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണവും ഓഫീസ് സമുച്ചയത്തിന് സമീപം നടന്നുവരികയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഏഴാം നമ്പര്‍ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ നിന്നു പ്രധാനമന്ത്രി പുതിയ വസതിയിലേക്ക് മാറും. സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരവും കര്‍ത്തവ്യ ഭവനും നേരത്തേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.



Sharing is Caring