മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. സംസ്കാര ചടങ്ങുകള്‍ വൈകീട്ട് മുംബൈ ജുഹുവിലെ പവന് ഹാന്‍സ് ശ്മശാനത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ദുബൈ പൊലിസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുകയും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാകും മൃതദേഹം കൊണ്ടുവരിക.
അനില്‍ അംബാനിയുടെ സ്വകാര്യ ജറ്റ് വിമാനത്തിലാണ് മൃതദേഹം മുംബൈയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച രാത്രി 11.30ന് ദുബൈയില്വച്ചായിരുന്നു അന്‍പത്തിനാലുകാരിയായ ശ്രീദേവിയുടെ അന്ത്യം. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ ദുബൈയിലെത്തിയത്. മരണ സമായത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. മരണ കാരണത്തില്‍ അവ്യക്തത തുടരുകയാണ്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വരാതെ ഒന്നും പറയാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍. ഹൃദയ സ്തംഭനമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ കുളിമുറിയില്‍ തെന്നിവീണതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.














