നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍ ; പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി


കൊച്ചി : യുവനടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. അതേസമയം വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.


2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു. നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയശേഷം കേസിന്റെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിച്ചു. തുടര്‍ന്നാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.


എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹ ബന്ധം തകരാന്‍ കാരണം യുവനടിയാണെന്നതിനാല്‍ ദിലീപിന് ഇവരോട് പകയുണ്ടെന്നും അശ്ളീലദൃശ്യം പകര്‍ത്താന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ദൃശ്യം പകര്‍ത്തിയ മൊബൈലും മെമ്മറികാര്‍ഡും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

ഇന്ന് കോടതി കേസിലെ വിചാരണ തീയതി നിശ്ചയിക്കാനാണ് സാധ്യത. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനില്‍ സനില്‍കുമാര്‍, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടില്‍ വിഷ്ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേ പാന്തപ്ലാക്കല്‍ അഡ്വ. രാജു ജോസഫ് എന്നിവരാണ് ദിലീപിനും പള്‍സര്‍ സുനിക്കും പുറമെയുള്ള പ്രതികള്‍.



Sharing is Caring