കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈകോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. വിധിക്കെതിരെ സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിച്ചാണ് അന്വേഷണം താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാറിനായി സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന് ആണ് ഹാജരായത്.
പൊലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെ സംഭവം നടന്ന് 22ാം ദിവസംതന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി അനുചിതമാണെന്നതുള്പ്പെടെ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.പ്രതികളെ തിരിച്ചറിയുകയും 11 പേരെ പിടികൂടുകയും ചെയ്തു. വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പോലും സര്‍ക്കാറിന് അവസരം നല്‍കിയില്ല. ഹരജിക്കാരുെട വാദം മാത്രമാണ് കോടതി പരിഗണിച്ചത്. പത്രവാര്‍ത്തകളും എഫ്.ഐ.ആറും മാത്രം വായിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊല നടന്ന് 48 മണിക്കൂറിനുള്ളില്‍തന്നെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ഫെബ്രുവരി 12ന് നടന്ന കൊലപാതകത്തില്‍ 18നുതന്നെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 27ന് അഷ്കര്‍ എന്ന പ്രതിയേയും മാര്‍ച്ച് അഞ്ചിന് ബൈജു എന്ന പ്രതിയേയും അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ആയുധങ്ങളെക്കുറിച്ച തുമ്ബ് ലഭിച്ചത്. കേസ് ഡയറിയില്‍ കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു. എന്നാല്‍, കേസ് ഡയറി പരിശോധിക്കണമെന്ന സര്‍ക്കാര്‍ വാദം കോടതി പരിഗണിച്ചില്ല. ഡിവിഷന് ബെഞ്ചിന് മുന്നില്‍ കേസ് ഡയറി സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ തയാറാണ് എന്നും ഹരജിയില്‍ വാദിച്ചിരുന്നു.













