ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്


ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും മംഗലാപുരത്ത് നിന്ന് ചേളാരി പ്ലാന്റിലേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കറുമാണ് തിക്കോടി ദേശീയപാതയില്‍ വച്ച് അപകടത്തില്‍ പെട്ടത്.


ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എതിരെവന്ന ബസിലിടിച്ച് അപകടമുണ്ടാകുന്നത്. ഗ്യാസ് ടാങ്കറിന്റെയും ബസിന്റെയും മുന്‍വശം തകര്‍ന്നിട്ടുണ്ട്. ബസിലുണ്ടായിരുന്നവര്‍ക്കും ഗ്യാസ് ടാങ്കറിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല.


ടാങ്കറിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. ചേളാരിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി അപകടമുണ്ടായ വാഹനത്തില്‍ നിന്നും ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ ഏറെനേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.



Sharing is Caring