തിരുവനന്തപുരം: ദേശീയ പുരസ്കാര ജേതാക്കളായ കലാപ്രതിഭകളോട് കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. പുരസ്കാര ചടങ്ങ് വന്‍ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവെച്ച കേന്ദ്രസര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.
65 വര്‍ഷമായി നിലനിന്ന പാരമ്ബര്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസ യോഗ്യവുമായ വിശദീകരണം നല്കാന് സര്‍ക്കാറിനായിട്ടില്ല. പ്രോട്ടോകാള്‍ എന്നത് കാലങ്ങളായി അംഗീകരിക്കപ്പെട്ട് വരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ധാരണാ പിശക് വന്നാല്‍ നേരില്‍ കണ്ട് പതിവുരീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്.

ഈ വിഷയത്തില്‍ ഗുരുതര വീഴ്ചയാണ് വാര്‍ത്താ വിനിമയ മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഇനി ആവര്‍ത്തിക്കില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പു നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും സുധീരന് ആവശ്യപ്പെട്ടു.













