മലപ്പുറം ജില്ലയിലെ ഏഴിടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കയം, കരുളായി, എടവണ്ണ, നിലമ്പൂരിലെ ഉള്‍വനത്തിലും ഉരുള്‍പൊട്ടി.മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊണ്ടോട്ടി കൈതക്കുണ്ട് സ്വദേശി അസീസ്, ഭാര്യ സുനീറ, മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.
അതേസമയം, മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ജീവനക്കാരനായ പുതുക്കോട്ട സ്വദേശി മദന്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി.

ഇതിനിടെ, ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്ബതോളം കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ച ഉച്ചമുതല്‍ ആരംഭിച്ച മഴ തോരാതെ പെയ്യുകയാണ്. അഞ്ചിലേറെ ജില്ലകളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ അണക്കെട്ടുകളും നിറഞ്ഞു തുടങ്ങി. പല അണക്കെട്ടുകളും പരമാവധി സംഭരണശേഷിയോട് അടുത്തു. നെയ്യാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാല്‍ ഷട്ടറുകള്‍ 10 അടിയില്‍ നിന്നും 12 അടി ആയി ഉയര്‍ത്തി. അരുവിക്കര അണക്കെട്ടിന്റെ 2,4,5 എന്നി ഷട്ടറുകള്‍ 1.5 മീറ്റര്‍ വീതവും ഒന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്റും ഉയര്‍ത്തിയിട്ടുണ്ട്.
പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവില്‍ രണ്ടു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 50 സെന്റീമീറ്റര്‍ വീതമാണ് ഈ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്റീ മീറ്റര്‍ തന്നെയാകും ഉയര്‍ത്തുകയെന്നാണ് വിവരം.













