ദിലീപുമായി തനിക്ക് യാതൊരുതരത്തിലുള്ള സാമ്പത്തിക ഇടപാടുകളുമില്ലെന്ന് നടി


നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതില്‍ പ്രതികരണവുമായി നടി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആരുമായും തനിക്ക് ഭൂമി ഇടപാടുകളോ, സാമ്പത്തിക ഇടപാടുകളോ ഇല്ലെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആക്രമത്തിനിരയായ നടി. സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്ന പ്രചാരണങ്ങള്‍ തന്റെ അറിവോടെയല്ലെന്നും നടി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പൊലിസ് അറസ്റ്റ് ചെയ്തവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം, എ്ന്നാല്‍ നിരപരാധിയാണെങ്കില്‍ ശിക്ഷിക്കപ്പെടരുതെന്നും നടി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അതുപോലെ, തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. തനിക്ക് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്ലെന്നും നടി അറിയിച്ചു.


നടി മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പ്…


സുഹൃത്തുക്കളേ,

ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിര്‍ഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും, അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല.

ഇത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഞങ്ങള്‍ തമ്മില്‍ പിന്നീട് ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതു എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതില്‍ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരു കാര്യം ഞാനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകള്‍ ഉണ്ടെന്നുള്ളതാണ്.

അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങള്‍ തമ്മിലില്ല. ഇത് ഞാന്‍ മുന്‍പ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കില്‍ അതിനുള്ള ഉത്തരം അതില്‍ ഒരു സത്യവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാര്‍ത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ടു പറയണമെന്ന് തോന്നി. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാല്‍ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറുമാണ്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഞാനില്ലാത്തതുകൊണ്ട് എന്റെ പേരില്‍ പ്രചരിക്കുന്ന ഓരോ വിഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാന്‍ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ഥതയോടെ ആഗ്രഹിക്കുന്നു പ്രാര്‍ഥിക്കുന്നു എന്ന് ഒരിക്കല്‍ കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.



Sharing is Caring