ദിനേശ് ബീഡിക്ക് വ്യാജന്‍; വന്‍ ശേഖരം പിടികൂടി


തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍നിന്ന് കേരള ദിനേശ് ബീഡി കമ്ബനിയുടെ വ്യാജ ബീഡികളുടെ വന്‍ശേഖരം പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയില്‍ കുറേമാസങ്ങളായി ദിനേശ് ഡീലക്സ് ബീഡിയുടെ വില്‍പന കുത്തനെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയിലാണിത് കണ്ടെത്തിയത്.


നെടുമങ്ങാട്ടെ ഒരു സ്റ്റോറില്‍നിന്നാണ് വ്യാജബീഡികള്‍ പിടികൂടിയത്. 2017 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ദിനേശ് ബീഡി വില്‍പനയില്‍ 10 കോടി രൂപയുടെ കുറവാണ് സംഘത്തിനുണ്ടായത്. വില്‍ക്കുന്ന ബീഡിയുടെ എണ്ണത്തിലുണ്ടായ കുറവ് 14 കോടിയാണ്. അതുവഴി മൂന്നുകോടി രൂപയുടെ നികുതിനഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. ഇതുപ്രകാരം ദിനേശിന് നഷ്ടപ്പെട്ടത് പ്രതിമാസം 40,000 തൊഴില്‍ദിനങ്ങളാണ്.


തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അശോക് കുമാര്‍, ഡിവൈ.എസ്.പി. ബി.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മറ്റു ജില്ലകളിലും സമാനരീതിയില്‍ പരിശോധന നടക്കുന്നതായി കേന്ദ്രസംഘം സെക്രട്ടറി കെ.പ്രഭാകരന്‍ അറിയിച്ചു.



Sharing is Caring