കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റിന്റെ നിര്‍ദേശം.
കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാലിനെതിരെ നടപടിയെടുക്കാന്‍ സ്കൂള്‍ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്തുനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഒന്നരമാസം കൂടി മാത്രമാണ് പ്രിന്‍സിപ്പാലിന് കാലാവധിയുള്ളത്. കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് മാനേജ്മെന്റിന്റെ കര്‍ശന താക്കീതുമുണ്ട്.

പ്രിന്‍സിപ്പാലിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച പറ്റിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയിട്ടുള്ളത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഘയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട രണ്ട് അധ്യാപകരെ സസ്പന്‍െഡ് ചെയ്തിട്ടും മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആഘോഷപൂര്‍വ്വം തിരികെ സ്കൂളില്‍ പ്രവേശിപ്പിച്ചത് സമൂഹ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറഞ്ഞിരുന്നു.
കേക്ക് മുറിച്ചുള്ള ആഘോഷങ്ങള്‍ക്കും എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി അധ്യാപികരെ തിരിച്ചെടുക്കാനും മുന്‍കയ്യെടുത്തത് പ്രിന്‍സിപ്പാളാണ്. സംഭവവുമായി ബന്ധപ്പെട്ട് പലതവണ വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പാല്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. കേക്ക് മുറിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും അംഗീകരിക്കാനാവില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടുള്ളതല്ല അദ്ദേഹം ചെയ്തിട്ടുള്ളത്. തല്‍സ്ഥാനത്ത് നിന്ന് പ്രിന്‍സിപ്പാലിനെ മാറ്റണം. കൂടെയുള്ള അധ്യാപകര്‍ക്കെതിരെ മതിയായ നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.













