ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്


ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച്‌ ഒരു ദേശീയ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് റിപ്പോർട്ടുകൾ.


അതേ സമയം ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു. കാലിലുണ്ടായ വ്രണത്തെത്തുടര്‍ന്ന് 61 കാരനായ ദാവൂദ് ചികിത്സയിലാണെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു.


മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാല്‍ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. ദാവൂദിന് എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പാക്കിസ്ഥാൻ അക്കാര്യം വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്.



Sharing is Caring