ദക്ഷിണേന്ത്യയിലെ ആദ്യ റോഡ് കം മെട്രോ ഫ്ലൈ ഓവർ ബുധനാഴ്ച ഗതാഗതത്തിനായി തുറന്നുനല്‍കുമെന്ന് അധികൃതർ അറിയിച്ചു.
നമ്മ മെട്രോ യെല്ലോ ലൈനില്‍ റാഗിഗുഡ്ഡെ മെട്രോ സ്റ്റേഷൻ മുതല്‍ സില്‍ക്ക് ബോർഡ് ജങ്ഷൻ വരെ 3.36 കിലോമീറ്ററില്‍ ഇരട്ടത്തട്ടുള്ള പാലമാണ് തുറക്കുന്നത്.

പ്രവൃത്തികള്‍ അവസാന ഘട്ടത്തിലുള്ള യെല്ലോ ലൈനില്‍ ഡിസംബർ അവസാനത്തില്‍ മെട്രോ ഓടിത്തുടങ്ങുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ പ്രഖ്യാപനം. മുകളില്‍ മെട്രോ പാലവും അതിനു താഴെ ഇരുവശങ്ങളിലുമായി രണ്ട് ലൈൻ വീതമുള്ള റോഡുമാണ് ഇരട്ടപ്പാലത്തിലുള്ളത്.
പാലം കടന്നുപോകുന്ന മേഖലയില്‍ ജയദേവ ഹോസ്പിറ്റല്‍, ബി.ടി.എം ലേഔട്ട്, സില്‍ക്ക് ബോർഡ് ജങ്ഷൻ എന്നീ മെട്രോ സ്റ്റേഷനുകളുണ്ട്. ഔട്ടർ റിങ് റോഡും ഹൊസുർ റോഡും ചേരുന്ന സില്‍ക്ക് ബോർഡ് ജങ്ഷനില്‍ ഏതു സമയത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പാലം ഗതാഗതത്തിനായി തുറന്നു നല്‍കുന്നതോടെ തിരക്ക് കുറക്കാനാവുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച വൈകീട്ട് മൂന്നിന് ബംഗളൂരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ പാലത്തിലൂടെ ട്രയല്‍ വാക്ക് നടത്തും. അതിനുശേഷമാകും പാലം ഗതാഗതത്തിനായി തുറന്നുനല്കുകയെന്ന് ബി.എം.ആർ.സി.എല്‍ എം.ഡി എം. മഹേശ്വര റാവു പറഞ്ഞു.













