തോറ്റതിന് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ല, വോട്ടിംഗ് യന്ത്രത്തെ പിന്തുണച്ച്‌ വീരപ്പ മൊയ്‍ലി


തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി. വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് രാഷ്ട്രപതിയെ കാണാനിരിക്കെയാണ് മൊയ്‍ലിയുടെ പ്രസ്താവന.


ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടക്കുന്നതിനാല്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍. ഇക്കാര്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നുച്ചക്ക് 16 പ്രതിപക്ഷപാര്‍ട്ടിനേതാക്കള്‍ രാഷ്‍ട്രപതിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടയിലാണ് പാര്‍ട്ടി നിലപാട് തള്ളി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‍ലി രംഗത്തെത്തിയത്.


തോറ്റവര്‍ മാത്രമാണ് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതെന്ന വീരപ്പ മൊയ്‍ലിയുടെ പ്രസ്താവന കോണ്‍ഗ്രസിന് പുതിയ തലവേദനയായി. വോട്ടിംഗ് യന്ത്രം ഒഴിവാക്കണമെന്ന് പി ചിദംബരവും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീരപ്പ മൊയ്‍ലിയുടെ പ്രസ്താവന. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനിരിക്കുകയാണ്.



Sharing is Caring