തെളിവെടുപ്പ് പൂര്‍ത്തിയായി; പള്‍സര്‍ സുനിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും


നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ആക്രമണം നടന്ന സ്ഥലങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തി.


നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലൂടെയാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. നടിയെ ഇറക്കിവിട്ട സ്ഥലമായ സംവിധായകന്‍ ലാലിന്റെ വീടിനു പരിസരത്തും പ്രതിയെ എത്തിച്ചു.


തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതിയില്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വന്തം നേട്ടത്തിനല്ലാതെ മറ്റൊന്നും വിട്ട് പറഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോകലില്‍ ഗൂഢാലോചനയില്ലെന്ന നിഗമനത്തിലാണ് പോലീസ്.

സുനിയെ മാത്രമാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയത്. ആലുവയിലെ പോലീസ് ക്ലബില്‍നിന്നാണ് ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. തുണികൊണ്ട് മുഖംമറച്ചാണ് പോലീസ് വാഹനത്തില്‍ സുനിയെ കയറ്റിയത്. എന്നാല്‍ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ സുനിയെ എത്തിച്ചെങ്കിലും വാഹനത്തില്‍നിന്നും പുറത്തിറക്കിയില്ല.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചു എന്ന് സുനി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെണ്ണലയില്‍ എത്തിച്ചത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചെന്നു പറയുന്ന മൊബൈല്‍ പക്ഷെ കണ്ടെത്താനായില്ല.



Sharing is Caring