തെലങ്കാനയുടെ വികസനത്തിന് ബിജെപി അധികാരത്തില്‍ വരണമെന്ന് അമിത്ഷാ; മതം തിരിച്ചുള്ള സംവരണം അംഗീകരിക്കില്ല


ഹൈദരാബാദ്: തെലങ്കാനയുടെ വികസനത്തിന് ബിജെപി അധികാരത്തില്‍ വരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മതം തിരിച്ചുള്ള സംവരണം അംഗീകരിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. മുസ്‌ലിം വിഭാഗത്തിനുള്ള സംവരണം പന്ത്രണ്ട് ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ട് തെലങ്കാന സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ല. തെലങ്കാനയിലെ വാറങ്കലില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തെലങ്കാനയില്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലെങ്കിലും ഹിന്ദു വികാരമുണര്‍ത്തി വോട്ട് നേടാന്‍ തന്നെയാണ് ബിജെപി ശ്രമം. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിം വിഭാഗത്തിന് നല്‍കിയിരുന്ന നാല് ശതമാനം സംവരണം ചന്ദ്രശേഖര റാവു പന്ത്രണ്ട് ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിനെയാണ് തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം അമിത് ഷാ വിമര്‍ശിക്കുന്നത്. അസദുദ്ദീന്‍ ഒവൈസിയുമായി കൂട്ടുകൂടാനുള്ള ടിആര്‍എസ് തീരുമാനത്തെയും ബിജെപി ദേശീയ അധ്യക്ഷന്‍ വിമര്‍ശിച്ചു. ഒവൈസിയുടെ പിന്തുണയോടെ ഒരു സര്‍ക്കാര്‍ തെലങ്കാനയ്ക്ക് ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.


ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവം ഉണ്ടാകുമെന്ന ഭയം കൊണ്ടാണ് ചന്ദ്രശേഖര റാവു, നേരത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതെന്നും അമിത് ഷാ പരിഹസിച്ചു.



Sharing is Caring