തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം.മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.


രാവിലെ ഒമ്പത് മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ബ്ലോക്കിൽനിന്ന് എല്ലാ രോഗികളെയും ജീവനക്കാരെയും മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിൽനിന്നാണ് പുക ഉയർന്നത്. ആർക്കും പരിക്കുകളേറ്റിട്ടില്ലെന്നും ബ്ലോക്കിൽനിന്നും മാറ്റിയവരെയെല്ലാം പരിശോധിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. 33 പേരാണ് ഐസിയുവിലുണ്ടായിരുന്നത് ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.


സർജിക്കൽ ബ്ലോക്കിലെ ഒരു വെന്‍റിലേറ്ററിൽ നിന്നാണ് പുക ഉയർന്നതെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കോർപ്പറേഷൻ മേയർ വി വി രാജേഷ് പറഞ്ഞു. മുഴുവൻ രോഗികളെയും ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ രോഗികളും സുരക്ഷിതരാണ്. ചില ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൂട്ടിരിപ്പുകാരുമായി സംസാരിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു.



Sharing is Caring