തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല


പുതുതലമുറ ബാങ്കുകളുടെ സ്വൈപ്പിങ് മെഷിന്‍ ഉപയോഗിക്കുന്നതിന് അധിക നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ തിങ്കള്‍ മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍.


ബാങ്കുകളുടെ സ്വൈപ്പിങ് മെഷീന്‍ ഉപയോഗിക്കന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തകള്‍ ഇല്ലാതാക്കണമെന്നും ഡീലര്‍മാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും ഓയില്‍ കമ്പനികളും ബാങ്കുകളും പിന്‍മാറിയില്ലെങ്കില്‍ പമ്പുകളടച്ചിട്ട് സമരം ചെയ്യുമെന്നും ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.


മര്‍ച്ചന്റ് ഡിസ്കൌണ്ട് റേറ്റ് (എംഡിആര്‍) എന്ന പേരില്‍ ഒരു ശതമാനം തുകയും അധിക നികുതിയും ഡീലര്‍മാരില്‍ നിന്നും ഈടാക്കുമെന്നാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രഖ്യാപനം. ഇതേ തുടര്‍ന്ന് തിങ്കള്‍ മുതല്‍ ഇന്ത്യയെമ്പാടും പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബഹിഷ്കരിക്കാനാണ് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സിന്റെ തീരുമാനം.

ഈ തീരുമാനം കേരളത്തിലും നടപ്പാക്കും. തുച്ഛമായ കമ്മീഷനില്‍ വ്യാപാരം നടത്തുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.
ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളാണ് ശനിയാഴ്ച രാത്രിയാണ് അവരുടെ സ്വൈപ്പിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഡീലര്‍മാര്‍ക്ക് ഇക്കാര്യം അറിയിച്ച് നോട്ട്സ് അയച്ചത്. രാജ്യത്തെ ഭൂരിപക്ഷം പെട്രോള്‍ പമ്പുകളിലും ഈ ബാങ്കുകളുടെ കാര്‍ഡ് സ്വൈപ്പിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.



Sharing is Caring