താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും


കോഴിക്കോട്: മണ്ണിടിഞ്ഞ് പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ റോഡിന്റെ ഒരു ഭാഗം പുനര്‍ നിര്‍മിക്കും. ഒരാഴ്ചക്കകം ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.


യോഗത്തിനു മുന്നോടിയായി റോഡ് ഇടിഞ്ഞ ഒന്നാം വളവ് മന്ത്രിതല സംഘം സന്ദര്‍ശിച്ചു. മൂന്ന് മാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി എടുക്കും. വയനാട് ഒറ്റപ്പെട്ടിട്ടില്ല. ഇത്തരം പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ കോഴിക്കോട്, വയനാട് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




Sharing is Caring