താജ്മഹല്‍ ശിവക്ഷേത്രമല്ല, ഷാജഹാന്റേയും മുംതാസിന്റേയും ശവകുടീരമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ


ന്യൂഡല്‍ഹി > താജ്മഹല്‍ ശിവക്ഷേത്രല്ലെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും മുംതാസിന്റേയും ശവകുടീരമാണ് താജ്മഹലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പുരാവസ്തു വകുപ്പ് നിലപാട് അറിയിച്ചത്.മുകള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.


താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നുമായിരുന്നു കേസ്. ഇതിന് മറുപടിയായാണ് താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്.


അഭിഭാഷകനായ രാജീവ് കുല്‍ശ്രേഷ്ത ഫയല്‍ ചെയ്ത കേസിലാണ് പുരാവസ്തുവകുപ്പിന്റെ അഭിഭാഷകനായ അഞ്ജനി ശര്‍മ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

താജ്മഹല്‍ തേജ്മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു എന്ന് സ്ഥാപിക്കത്തക്ക ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അത് വെറും സാങ്കല്‍പ്പിക കഥമാത്രമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. താജ്മഹലിന്റെ ഏത് ഭാഗമാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കേണ്ടത് എന്നും ഏത് ഭാഗമാണ് അടച്ചിടേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

ആഗ്രയിലെ സൗധം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്നുമായിരുന്നു ചില ഹൈന്ദവ സംഘടനകളുടെ അവകാശവാദം.



Sharing is Caring