ശുഹൈബ് വധം: ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് എകെ ബാലന്‍


കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ ഏത് ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി എകെ ബാലന്‍. ശുഹൈബ് വധക്കേസിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്‌ട്രേറ്റില്‍ ഇന്ന് വിവിധ പാര്‍ട്ടികളെ പങ്കെടുപ്പിച്ച്‌ സമാധാനയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത് മന്ത്രി എകെ ബാലനാണ്. യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് ശുഹൈബ് വധക്കേസ് അന്വേഷണം ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കിയത്.


അതേസമയം, മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അറിയിച്ചു. ശുഹൈബ് വധക്കേസിലെ യഥാര്‍ത്ഥപ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ നിരാഹാര സമരം നടത്തുകയാണ്. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ശുഹൈബ് വധക്കേസില്‍ സിിബഐ അന്വേഷണം വേണമെന്ന് ഇന്നലെ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആവശ്യത്തോട് മന്ത്രി എകെ ബാലന്‍ ഇന്ന് കണ്ണൂരില്‍ അനുകൂലമായി പ്രതികരിച്ചത്.



Sharing is Caring