തലസഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം


തലസഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


ഗുരുഗ്രാം-ദല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന് സമീപം ഒരു പെണ്‍കുട്ടി ഇരുന്ന് കരയുന്നതായും, രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും പുലര്‍ച്ചേ 12.30ഓടെയാണ് സന്ദേശം പോലീസിന് ലഭിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.


ദല്‍ഹി സ്വദേശിയായ പെണ്‍കുട്ടി ഗുരുഗ്രാമിലെ മാളിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് ദല്‍ഹിയിലേയ്ക്ക് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.ശങ്കര്‍ ചൗക്കില്‍ നിന്നാണ് ടാക്‌സി വിളിച്ചത്. താന്‍ കയറുമ്പോള്‍ മൂന്നു പേരുണ്ടായിരുന്നു. ഒരാള്‍ രാജോക്രിയില്‍ ഇറങ്ങി. ഉത്തം നഗര്‍ സ്റ്റേഷനിലാണ് തന്നെ ഇറക്കേണ്ടിയിരുന്നത്. പക്ഷേ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നു.

പിന്നീട് മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ടാക്‌സി നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടി പറഞ്ഞു. പിന്നീട് കുട്ടി നല്‍കിയ വിവരണത്തില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Sharing is Caring