തലശേരിയിലെ ബോംബേറ് ആസൂത്രിതമെന്ന് പി.ജയരാജന്‍


തലശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടിക്ക് നേരെയുണ്ടായ ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.


തലശേരിയിലെ നങ്ങാറത്ത് പീടികയില്‍ കെ.പി ജിജേഷ് അനുസ്മരണ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലിസിനോട് ആവശ്യപ്പെടുകയാണെന്നും ജയരാജന്‍ പറഞ്ഞു.


ജില്ലയിലെ സി.പി.എം രക്തസാക്ഷി മണ്ഡപങ്ങളോട് പോലും ആര്‍.എസ്.എസ് മര്യാദ കാണിക്കുന്നില്ല. മരിച്ചവരോട് ആദരവ് കാണിക്കുക എന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. എന്നാല്‍, സി.പി.എം രക്തസാക്ഷികളുടെ മണ്ഡപത്തില്‍ മലമൂത്ര വിസര്‍ജനം ചെയ്യാന്‍ പോലും ആര്‍.എസ്.എസുകാര്‍ മടിക്കുന്നില്ലെന്നും ജയരാജന്‍ ആരോപിച്ചു.

മര്‍ദനമേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിഷ്ണു എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍ എല്ലാവര്‍ക്കുമറിയാം. വിഷ്ണുവിനെ മര്‍ദിച്ചവരില്‍ ആര്‍.എസ്.എസ് നേതൃത്വത്തിലെ ഉന്നതരുണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.



Sharing is Caring