തമിഴ്‌നാട്ടിൽ 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ഇന്നുമുതൽ

തമിഴ്‌നാട്ടിൽ 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ നൽകിത്തുടങ്ങും. മെയ് 1 ന് ആരംഭിക്കേണ്ടിയിരുന്ന വാക്‌സിനേഷൻ വാക്‌സിൻ ക്ഷാമത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നതിൽ മുൻഗണനയെന്ന് ആരോഗ്യമന്ത്രി എം സുബ്രമണ്യം അറിയിച്ചു.

തമിഴ്‌നാടിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ച 78 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകളിൽ 69 ലക്ഷം ഡോസുകൾ ഇതിനകം നൽകിക്കഴിഞ്ഞു. മെയ് ആദ്യവാരത്തിൽ തുടങ്ങേണ്ടിയിരുന്ന വാക്‌സിനേഷനാണ് ക്ഷാമത്തെ തുടർന്ന് നീട്ടിവച്ചത്. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇപ്പോഴും തുടരുകയാണ്. അതേസമയം തമിഴ്‌നാട് ആവശ്യപ്പെട്ട 1.5 കോടി ഡോസ് കൊവിഡ് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ വ്യക്തമാക്കി.

സേലം, തിരുപ്പൂർ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നും നാളെയുമായി വിലയിരുത്തും. തമിഴ്‌നാട്ടിൽ ബുധനാഴ്ച 34,875 കൊവിഡ് കേസുകളും 365 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 16,99,225 ആയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *