പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതും കുളച്ചില്‍ തുറമുഖ പദ്ധതിയും കാവേരി ജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ജയലളിത ഉന്നയിക്കും. മുഖ്യമന്ത്രിയായ ശേഷമുള്ള ജയയുടെ ആദ്യ ദല്‍ഹി യാത്രയാണിത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദല്‍ഹിയില്‍ എത്തുന്നത്.
സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ്, രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പേരുടെ മോചനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ അപേക്ഷയില്‍ പഠനം നടത്താന്‍ അനുമതി നല്‍കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ തീരുമാനം ജയയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തേ മരവിപ്പിച്ചിരുന്നു.മുല്ലപ്പെരിയാറില്‍ കേന്ദ്രസേന വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ സഹായം തേടുന്നതിനൊപ്പം പുതിയ അണക്കെട്ടിനുള്ള ശ്രമങ്ങള്‍ തടയണമെന്നും ജയ ആവശ്യപ്പെടും.

തമിഴ്നാട്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്ക് ജലം കൈമാറുന്നതിനുള്ള കാവേരി തര്‍ക്ക ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കാന്‍ കാവേരി മാനേജ്മെന്റ് അതോറിട്ടി സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യവും ജയ ഉന്നയിക്കും .കുളച്ചല്‍ തുറമുഖ പദ്ധതി നടപ്പാക്കുന്ന കാര്യവും മോദിയുമായി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.













