ഇസ്ലാമിക് സ്റ്റേറ്റോ മറ്റു തീവ്രവദ സംഘടനകളോ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് തമിഴ്നാട് പോലീസിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തെത്തുടര്‍ന്ന് കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സ്ഫോടനം നടത്താന്‍ ഐഎസ് പദ്ധതിയുണ്ടെന്നാണ് തമിഴ്നാടിന് ലഭിച്ച സന്ദേശം.
പാക്കിസ്ഥാനില്‍ നിന്നാണ് സന്ദേശം എത്തിയത്. ഇതിനെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കാന്‍ കേരളത്തിലെ മുഴുവന്‍ സ്റ്റേഷനുകളിലേയ്ക്കും നിര്‍ദ്ദേശം വന്നു. പെഷവാറില്‍ നിന്നാണ് തമിഴ്നാടിന് സന്ദേശം ലഭിച്ചത്.

മെയ്-ജൂണ്‍ മാസത്തിനുള്ളില്‍ സ്ഫോടനം നടന്നേക്കുമെന്നും. ജാഗ്രത വേണമെന്നും തമിഴ്നാട് അറിയിച്ചു. തന്ത്രപ്രധാനമായ പൊതുമേഖല സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയും നിരീക്ഷണവും വേണമെന്നാണ് നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കി. ഇനിയുള്ള ദിവസങ്ങളിലും ഇത് തുടരും. മുന്‍പ് സ്ഫോടനങ്ങള്‍ നടന്നിട്ടുള്ളതിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.













