വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര് ഡൈ’ പോരാട്ടമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ കേരളത്തിലുണ്ടാകില്ലെന്നും ദീപാ ദാസ് മുന്‍ഷി ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും ഡിസിസി ഭാരവാഹികളും പങ്കെടുത്ത സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തിലാണ് ദീപ ദാസ് മുന്‍ഷിയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഡു ഓര് ഡൈ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചറിയണമെന്നും ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍, 2026-ല്‍ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

കോട്ടയം ജില്ലയില്‍ മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായിട്ടില്ല. 76 ശതമാനം വാര്‍ഡ് കമ്മിറ്റികള്‍ മാത്രമാണ് പുനഃസംഘടിപ്പിച്ചത്. ജൂലൈയില്‍ തന്നെ ഇത് പൂര്‍ത്തിയാക്കണം. കുടുംബയോഗങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. ഇവിടെ എല്ലാവരും ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് ദീപാ ദാസ് മുന്‍ഷി പറഞ്ഞു.













