ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പിയണിഞ്ഞ് സ്റ്റേഷനില്‍; പൊലീസ് അന്വേഷണം തുടങ്ങി


ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്തു. ബിജെപി ചിത്രം പുറത്തുവിട്ടതോടെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു. കുമരകത്ത് കഴിഞ്ഞ ദിവസമാണ് സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടാകുന്നത്. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ച കേസിലാണ് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പില്‍ മിഥുന്‍ അറസ്റ്റിലാകുന്നത്.
മിഥുന്‍ എസ്‌ഐയുടെ തൊപ്പിവെച്ചിരിക്കുന്ന സെല്‍ഫിയാണ് ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പ്രതി സ്റ്റേഷനുളളില്‍ നിന്നും കൂട്ടുകാര്‍ക്ക് അയച്ച ചിത്രമാണ് പുറത്തായതെന്നാണ് വിവരം.സംഭവം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോട്ടയം ഡിവൈഎസ്പിയാണ് എസ്‌ഐയുടെ തൊപ്പി പ്രതിയുടെ തലയില്‍ വന്നതെങ്ങനെയെന്ന് അന്വേഷിക്കുക.




Sharing is Caring