ഡി.എം.കെ ഹിറ്റ്‌ലര്‍ പാര്‍ട്ടി, രക്ഷകനാവാന്‍ യോഗ്യന്‍ ദിനകരന്‍ മാത്രം- സുബ്രഹ്മണ്യന്‍ സ്വാമി


ഡി.എം.കെ ഹിറ്റ്‌ലര്‍ പാര്‍ട്ടിയാണെന്നും തമിഴരെ രക്ഷിക്കേണ്ടത് ടി.ടി.വി ദിനകരനാണെന്നും ബി.ജെ.പി എം.പി.സുബ്രഹ്മണ്യന്‍ സ്വാമി. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ദിശനിര്‍ണയിക്കുന്ന ചെന്നൈ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് പരസ്യ പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കരുനാഗരാജ് അടക്കമുള്ളവര്‍ മത്സരിക്കുന്നുണ്ട് എന്നിരിക്കെയാണ് സ്വാമിയുടെ പ്രസ്താവന. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ദിനകരന്റെ സ്ഥാനാര്‍ത്ഥിത്വം സ്റ്റാലിനേയും ഡി.എം.കെയേയും ഒരു പാഠം പഠിപ്പിക്കും. ദിനകരനും ഡി.എം.കെയും തമ്മിലാണ് ആര്‍.കെ നഗറില്‍ മത്സരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപിഎസും ഒപിഎസും തമ്മിലുള്ള കലഹംമൂലം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിക്ക് ഇവര്‍ക്കൊപ്പമെത്താനാകില്ലെന്നും സ്വാമി പ്രവചിച്ചു.


ഇ.പളനിസ്വാമിയേയും ഒ.പനീര്‍ശെല്‍വത്തേയും പ്രാപ്തിയില്ലാത്തവരെന്ന് വിശേഷിപ്പിച്ച സ്വാമി അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാനോ സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനോ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. അവരുടെ പിന്നില്‍ അണിനിരക്കാന്‍ ആളെകിട്ടില്ല. ദിനകരന്റെ പിന്നിലാണ് ഭൂരിപക്ഷം പേരുമുള്ളത്. നിലവില്‍ ഡി.എം.കെയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ദിനകരനേ സാധിക്കൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഡി.എം.കെ.ഒരു ഹിറ്റ്‌ലര്‍ പാര്‍ട്ടിയാണ്. തമിഴരെ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ നിന്നും അഴിമതിയില്‍ നിന്നും മോചിതരാക്കാന്‍ ഡി.എം.കെയെ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി ഇ.മധുസൂദനനും ഡി.എം.കെ.യ്ക്ക് വേണ്ടി എം.മരുത്ഗണേഷുമാണ് ദിനകരനേയും കരുനാഗരാജിനേയും കൂടാതെ മത്സരിക്കുന്ന പ്രമുഖര്‍.



Sharing is Caring