വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഐ.എസിന്റെ ഏറ്റവും നല്ല റിക്രൂട്ടറാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്. ന്യൂ ഹാംസ്പിയറില് നടന്ന ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. യു.എസിലേക്ക് മുസ്്ലിംകളെ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഐ.എസിലേക്ക് ആളെ ചേര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ട്രംപിന്റെ പ്രസ്താവനയെന്ന് ഹിലരി പറഞ്ഞു.
ഇസ്്ലാമിനെയും മുസ്്ലിംകളെയും അപമാനിക്കുന്ന ട്രംപിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യം ഐ.എസ് ഉപയോഗിക്കുമെന്നും അതുവഴി അവര്‍ക്ക് കൂടുതല്‍ ആളുകളെ ലഭിക്കുമെന്നും ഹിലരി പറഞ്ഞു.
അമേരിക്കയുടെ താത്പര്യമല്ല ട്രംപ് പറഞ്ഞത്. ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഇത്തരം പ്രചാരണത്തെ താന്‍ ഭയപ്പെടുകയാണ്. യു.എസിലും രാജ്യത്തും മുസ്്ലിംകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലെന്നതരത്തിലുള്ള പ്രസ്താവന അമേരിക്കയില്‍ അസഹിഷ്ണുതയുണ്ടെന്നതിലേക്കാണ് എത്തിച്ചേര്‍ക്കുക. മുസ്്ലിംകള്‍ക്കെതിരേ പാശ്ചാത്യരാജ്യങ്ങള്‍ യുദ്ധം ചെയ്യുകയാണെന്ന വാദത്തിന് ഇതു ശക്തിപകരുകയും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും. ഹിലരി പറഞ്ഞു.













