ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലം‌മാറ്റി


സംസ്ഥാന പോലീസ് മേധാവി ടി.പി സെൻകുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റി, ചൊവ്വാഴ്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡി.ജി.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ കമ്മീഷണറുടെ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്.


പരാതികളെത്തുടര്‍ന്നാണ് അനില്‍ കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ 15 വര്‍ഷമായി സെന്‍കുമാറിനൊപ്പമുള്ള ഉദ്യോഗസ്ഥനാണ് അനില്‍ കുമാര്‍. സര്‍ക്കാരും സെന്‍കുമാറും തമ്മിലുള്ള പോരാട്ടമാണ് ഇതിന് പിന്നിലെന്നാണ് സൂചന.


മുതിർന്ന ഉദ്യോഗസ്ഥർക്ക് തങ്ങളുടെ സഹായത്തിനും സുരക്ഷയ്ക്കുമായി ഏതാനും പോലീസുകാരെ കൂടെ നിറുത്താൻ അധികാരമുണ്ട്. സെൻകുമാർ പോലീസ്, ഇന്റലിജൻസ്, ജയിൽ, ഐ.എം.ജി, കെ.ടി.ഡി.എഫ്.സി എന്നിവിടങ്ങളിൽ ജോലിചെയ്തപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അനിൽകുമാർ.

സുപ്രീംകോടതിയിൽ കേസ് നടത്തിപ്പിനടക്കം സെൻകുമാറിനൊപ്പം അനിലുമുണ്ടായിരുന്നു. എല്ലാ യാത്രകളിലും സെൻകുമാറിനെ അനുഗമിക്കാറുള്ള അനിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു. ഇതു മനസിലാക്കിയാണ് അനിലിനെ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം സെന്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ.ഐ.ജി. വി. ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്.



Sharing is Caring