ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി


ജെഡിയു എല്‍ഡിഎഫിലേക്ക് വരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ആ സമയം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വീരേന്ദ്രകുമാറും സംഘവും എല്‍ഡിഎഫിലേക്ക് ചേക്കേറുന്നു എന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ജെഡിയു ഇടതുമുന്നണിയിലേക്ക് വരുന്നു എന്നവാര്‍ത്തകള്‍ സംബന്ധിച്ച് സിപിഐഎമ്മിന് യാതൊരു വിവരവും ഇല്ല. വീരേന്ദ്രകുമാറിന്റെ രാജിയോ മുന്നണി പ്രവേശമോ ഒന്നും ഞങ്ങളെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. അവര്‍ അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം.


ജെഡിയു ഇടതുമുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കാതെ സ്വാഗതം ചെയ്യേണ്ട ആവശ്യം ഇല്ലല്ലോയെന്ന് കോടിയേരി പറഞ്ഞു. അവരുടെ തീരുമാനം എന്തെന്ന് അറിഞ്ഞതിന് ശേഷം പ്രതികരിക്കാം. ഇതെല്ലാം മാധ്യമവാര്‍ത്തകളാണ്. മുന്നണിയിലേക്ക് വരുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചാല്‍ അപ്പോള്‍ മറുപടി പറയാം. ഇപ്പോള്‍ ഇതുസംബന്ധിച്ച് പ്രതികരിക്കേണ്ട കാര്യമില്ല. കോടിയേരി കോഴിക്കോട് പറഞ്ഞു.



Sharing is Caring